ഫ്രീ ഹോം ഡെലിവറി

Monday, June 15, 2009

ദാസനും വിജയനും വീണ്ടും!

സ്വന്തം ലേഖകൻ
തിരുവന്തോരം, 15/06/2009

പ്രമാദമായ ഒട്ടനവധി കേസുകൾ തെളിയിച്ച ദാസനും വിജയനും വീണ്ടും വിദേശത്തേയ്ക്ക് !!.. ഇത്തവണ വളരെ പ്രത്യേകതകളുള്ള ഒരു കേസാണ് ഇവരെ ഏൽ‌പ്പിച്ചിരിക്കുന്നത്. കേരളത്തിലും ഇൻഡ്യയിൽ മൊത്തത്തിലും ശ്രദ്ധ പിടിച്ചുപറ്റിയ ലാവലിൻ കേസിന്റെ തുടരന്വേഷണവുമായാണ് ഇത്തവണ ദാസനും വിജയനും കടൽ കടക്കുന്നത്. പ്രസ്തുത കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുവാനുണ്ടെന്ന സി.ബി.ഐ യുടെ വിശദീകരണവുമായി ഇതിനേ ചേർത്തു വായിക്കാവുന്നതാണ്. ലാവലിൻ കേസിലെ ഒൻപതാം പ്രതി ചേർക്കപ്പെട്ട ലാവ്ലിൻ കമ്പനിയുടെ വൈസ് പ്രസിഡന്റിനെ ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുക്കുകയാണ് ലക്ഷ്യമെന്ന് പൊതുവേ കരുതപ്പെടുന്നു.

അടുത്തയാഴ്ച കാനഡയിലേക്ക് പുറപ്പെടുന്ന ദാസനും വിജയനും കേസ് സംബന്ധിയായ വിവരങ്ങളും കേസ് ഡയറിയും കൈമാറിയതായി കേരളാ പോലീസിലെ ഉന്നത ഉദ്ദ്യോഗസ്ഥർ അറിയിച്ചു. പഴയ കിരീട മോഷണം തെളിയിക്കുന്നതിലും കുറ്റവാളികളെ അതി വിദഗ്ദമായി കണ്ടുപിടിച്ചതിലുമുള്ള പ്രാഗൽഭ്യവുമാണ് ഇവരെത്തന്നെ ഈ കേസ് ഏൽ‌പ്പിക്കുവാൻ കാരണമായത് എന്നറിയുന്നു.

അമേരിക്കയിൽ നടന്ന കേസിൽ ദാസനെയാണ് അയക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ ഇത്തവണ വിജയനെ കാനഡയിലേക്ക് അയക്കാനാണ് ഗവണ്മെന്റ് ആദ്യം തീരുമാനിച്ചത്. എങ്കിലും പിന്നീടുണ്ടായ ഒരു ഉത്തരവിലൂടെ ദാസനെക്കൂടി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നിലെ ചരടുവലികൾ അജ്ഞാതമായി തുടരുന്നു.

പണ്ട് വെറുമൊരു സാദാ കോൺസ്റ്റബിളായിരുന്ന വിജയൻ ഇന്ന് ഒരു ഡി.വൈ.എസ്.പി യും എസ്.ഐ ആയിരുന്ന ദാസൻ ഇന്നും എസ്.ഐ ആയിത്തന്നെ തുടരുകയും ചെയ്യുന്നു !.

ഇക്കാലത്തിനിടയിൽ വേർപിരിഞ്ഞ ഇവർ സ്വതന്ത്രമായി പല കേസുകളുടേയും അന്വേഷണ ചുമതല നിർവഹിച്ചിട്ടുമുണ്ട്. ആശ്ചര്യജനകമെന്നു പറയട്ടേ, ദാസൻ കഴിഞ്ഞ കുറേ കാലമായി ഒറ്റക്കു നടത്തിയ പല കേസന്വേഷണങ്ങളും വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിജയനാവട്ടേ അന്വേഷിച്ച ഭൂരിഭാഗം കേസുകളിലും അത്യുജ്വലമായ വിജയമാണ് കൈവരിക്കാൻ കഴിഞ്ഞത്.

കേസുകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളും അമിത ആത്മവിശ്വാസവുമാണ് പലപ്പോഴും ദാസനു വിനയായി മാറിയത്. ഈയിടെ അന്വേഷിച്ച ‘ഭഗവാൻമുക്ക് കൊലക്കേസ്’ തുടങ്ങിയടുത്ത് തന്നെ നിൽക്കുന്നതായാണ് ഞങ്ങൾക്ക് അറിയുവാൻ കഴിഞ്ഞത്. അന്വേഷണം തുടങ്ങി 18 മണിക്കുറിനുള്ളിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നൊക്കെ വീമ്പിളക്കി നടന്ന ദാസൻ മാസം മൂന്ന് കഴിഞ്ഞിട്ടും ചത്തത് ആരാണെന്ന് പോലും കണ്ടുപിടിക്കാ‍ൻ കഴിയാതെ നെട്ടോട്ടമോടുകയാണെന്ന് സഹപ്രവർത്തകരിൽ ചിലർ രഹസ്യമായി പറയുന്നു.

എന്നാൽ വിജയനാവട്ടേ, പഴയ മണ്ടത്തരങ്ങളെല്ലാം മാറ്റിവെച്ച് കേസു തെളിയിക്കുന്നതിനു പുതിയ മാനങ്ങൾ കണ്ടെത്തുകയും ചെയ്തു. പോലീസുകാർക്ക് മൊത്തം മാത്രുകയാക്കാവുന്ന ചില കേസന്വേഷണ രീതികളാ‍ണ് വിജയൻ അവലംബിച്ചു വരുന്നത്.

ഇവർ പോകുന്നതിനു മുന്നോടിയായി കാനഡയിൽ ഇവർക്കായി താമസ സൌകര്യം ഒരുക്കുന്നതിലേക്കായി വിദേശകാര്യ വകുപ്പിലെ രണ്ടുദ്ദ്യോഗഥരെ നേരത്തെ തന്നെ കാനഡയിലേക്ക് അയച്ചിരുന്നു. ഇവർക്കായുള്ള വീടിന്റെ സുരക്ഷാ കാര്യങ്ങളിൽ വേണ്ട വിദഗ്ദ്ധ ഉപദേശങ്ങൾ കനേഡിയൻ ഗവണ്മെന്റിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ ഏൽ‌പ്പിക്കുവാൻ തീരുമാനിച്ചതായി അറിയുന്നു.

വീടിനു ചുറ്റും രണ്ടാൾ പൊക്കത്തിൽ മതില്, ലോണിൽ ഏതു നിമിഷവും പറക്കാൻ തയാറാക്കി നിർത്തിയ ഹെലിക്കോപ്റ്റർ വിത്ത് പൈലറ്റ്, ഒരു ഹൈസ്പീഡ് ബോട്ട് വിത്ത് ഡ്രൈവർ, രണ്ട് സ്പോർട്സ് കാറുകൾ എന്നിവ ഇവർക്കുള്ള പ്രത്യേക സുരക്ഷാ പാക്കേജിൽ ഉൾപ്പെടുത്തിയതായി കനേഡിയൻ ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ പ്രത്യേക ചാര ലേഖകൻ - വെകളി തോമസ് കൊച്ചിയിൽ നിന്നും ദാസ-വിജയന്മാരുമായി നടത്തിയ ഒരു ഹ്രസ്വ സംഭഷണത്തിലേക്ക്:

ലേഖകൻ: “ഈ കേസിനെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു ?“

വിജയൻ: “ഹ..ഹ..ഹ.. ഈ കേസിനെ കുറിച്ച് പറയുകയാണെങ്കിൽ ഇതിനെ കുറിച്ച് എല്ലാവർക്കും എല്ലാം അറിയാം.. ഞാൻ പറയേണ്ടകാര്യമില്ല”

ലേഖകൻ: “അതല്ല ഉദ്ദേശിച്ചത്. ഈ കേസിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയും എന്ന് കരുതുന്നുണ്ടോ ? “

ദാസൻ: “ ഹി..ഹി.... പിന്നല്ലാതെ... വെറും 10 മണിക്കൂറുകൊണ്ട് ഞങ്ങളീ കേസു തെളിയിച്ച് തരാം.. “

വിജയൻ:“ഡേയ്... ഡേയ്യ്.... മണ്ടൻ കുണാപ്പീ (ദാസനോട്) മിണ്ടാതിരിയടേയ്... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...അവന്റെ ഒരു 10 മണിക്കൂറും 16 മണിക്കൂറും.. നിനക്ക് കിട്ടിയതൊന്നും പോരല്ലേ...ഞാൻ ഇവിടുള്ളപ്പം നീ വലിയ വായിലെ വർത്തമാനമൊന്നും പറയണ്ട... കേട്ടല്ലോ..”

ദാസൻ: “ശരി സാർ.....”

വിജയൻ: “ഹും..... മിടുക്കൻ”

വിജയൻ: “ഇനി ചോദിക്ക് തനിക്കെന്താ അറിയേണ്ടത് ? (ലേഖകനോട്)“

ലേഖകൻ: “കുറ്റവാളികളെ പിടിക്കുമോ ? “

വിജയൻ: “എന്തായിത്ര സംശയം .... ഹ.. ഹ പിടിച്ചിരിക്കും..”

ലേഖകൻ: “കഴിഞ്ഞ കേസന്വേഷണത്തിന് നിങ്ങൾ ഒരു രഹസ്യ കോഡ് ഉപയോഗിച്ചിരുന്നതായി ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്.. ഈ കേസിലും അങ്ങനെ വല്ലതും ?? “

വിജയൻ: “അതങ്ങനെ പുറത്ത് പറയാൻ പറ്റുമോ.. ഹ ഹ ഹാ... നിങ്ങളെന്താ ഹേ കൊച്ചുകുട്ടികളെപ്പോലെ സംസാ‍രിക്കുന്നത്...”

ലേഖകൻ: “അപ്പോൾ അങ്ങനെ ഒരു കോഡ് ഉണ്ടന്നല്ലേ ? “

വിജയൻ: “ഉണ്ടാവാം ചിലപ്പോൾ ഇല്ലാതിരിക്കാം.....”

(കഴിഞ്ഞ ഓപ്പറേഷനിൽ ഉപയോഗിച്ചിരുന്ന രഹസ്യ കോഡായ ‘സാധനം കയ്യിലുണ്ടോ ? - സാധനം കയ്യിലുണ്ട് ‘ നു പകരമായി ‘പ്രോസിക്യൂട്ട് ചെയ്യണോ ? - പ്രോസിക്യൂട്ട് ചെയ്യണം’ എന്ന കോഡ് പുതിയ കേസിൽ ഉപയോഗിക്കുമെന്ന് , രഹസ്യ കാമറയിലൂടെ ഞങ്ങളുടെ ബുദ്ധിമാനായ ജാര സോറി ചാര ലേഖകൻ വളരെ വിദഗ്ദ്ധമായി കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ വിജയനും, ദാസനും, പോലീസിലെ ചില ഉന്നത ഉദ്ദ്യോഗസ്ഥർക്കും ഞങ്ങളുടെ ഈ ലേഖകനുമല്ലാതെ ഈ രഹസ്യ കോഡ് മറ്റാർക്കും അറിയില്ല!!)

ലേഖകൻ: “കഴിഞ്ഞ കേസന്വേഷണത്തിനായി പുറപ്പെടും മുൻപ് കമ്മീഷണർ നിങ്ങൾക്ക് ചില വിലപ്പെട്ട തെളിവുകൾ കൈമാറിയിരുന്നു. ഈ കേസിൽ അങ്ങനെ എന്തെങ്കിലും ??”

വിജയൻ: “തീർച്ചയായും. കഴിഞ്ഞ കേസിൽ ഒരു കഷണം തുണിയായിരുന്നെങ്കിൽ, ഇത്തവണ കുറച്ചധികം സാധനങ്ങളുണ്ട്; മാധ്യമ സിൻഡിക്കേറ്റിന്റെ ഒരു മുഴുത്ത കഷണം,ഒരു സി.ഐ.എ മാർക്ക് ഇലക്ട്രിക്ക് ബൾബ് , പിന്നെ കാൻസർ രോഗികൾ കഴിക്കുന്ന ഒരു കുപ്പി മരുന്നും..

ലേഖകൻ: “ഇതിൽനിന്ന് എന്താണ് നിങ്ങൾക്ക് തോന്നുന്നത് ? “

വിജയൻ: “ഒന്നും പറയാറായിട്ടില്ല. കാനഡയിലെ ഇലക്ട്രിസിറ്റി ബോർഡിൽ ഓവർസിയറായി ജോലി ചെയ്യുന്ന ഏതോ ഒരു കാൻസർ രോഗിയാവാനാണ് സാധ്യത. (ഇത് പത്രത്തിൽ എഴുതണ്ട) ”

ലേഖകൻ: “നിങ്ങളെ കേസ് ഏൽ‌പ്പിച്ചതിനു പിന്നിൽ കേരളത്തിലെ ‘മുഖ്യനായ’ മന്ത്രിമാരിൽ ഒരാൾ കടുത്ത സമ്മർദ്ദം ചെലുത്തിയതായി ഒരു ആക്ഷേപമുണ്ട്.. ഇതിനെ കുറിച്ച് എന്താണ് പറയുവാനുള്ളത് ?”

വിജയൻ: “പോൾ ബാർബറെ പിടികൂടിയതു പോലെ ഈ കേസിലെ കുറ്റവാളികളെ വെട്ടിനിരത്തി കയ്യാമം വെച്ച് നടുറോഡിലൂടെ നടത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ കേസ് ഞങ്ങളെ തന്നെ ഏൽ‌പ്പിക്കണമെന്ന് ആ മന്ത്രി നിർബന്ധം പിടിച്ചത്”

ലേഖകൻ: “കേസന്വേഷണം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ആ മന്ത്രി അവിടെത്തന്നെ കാണുമെന്ന് കരുതുന്നുണ്ടോ?”

വിജയൻ: “ഈശ്വരോ രക്ഷതു..”

അമേരിക്കയിൽ നടത്തിയ അതി സാഹസികമായ കഴിഞ്ഞ ഓപ്പറേഷൻ പോലെ ഇത്തവണയും കാനഡയിലും വെന്നിക്കൊടി പാറിക്കാൻ വിജയ-ദാസൻ‌മാർക്ക് കഴിയട്ടേ എന്ന് നമുക്ക് ആശംസിക്കാം.